നിസ്വാര്‍ത്ഥ സഹകരണത്തിന്റെ ചരിത്രം
തൊഴിലാളികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങള്‍ പഠിയ്ക്കുകയും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തിരുന്ന നിസ്വാര്‍ത്ഥരായ ഒരുപറ്റം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ ആശയമാണ് ഫാക്ട് സിഡി ക്രെഡിറ്റ് സൊസൈറ്റി.
ഫാക്ട് സിഡി എംപ്ലോയീസ് സംഘ് എന്ന തൊഴിലാളി സംഘടനയിലെ മുന്‍നിര പ്രവര്‍ത്തകര്‍ സഖാക്കളായ കെ.എം കണ്ണമ്പള്ളി, കെ. എ. രാജന്‍, കെ.സി. മാത്യൂ, കെ. മുരളി, സി.ആര്‍ സുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1978 ഒക്ടോബര്‍ മാസം ഒരുദിവസം സഖാവ് കെ എം കണ്ണമ്പിള്ളിയുടെ വസതിയില്‍ ഒത്തുകൂടുകയും, തൊഴിലാളികള്‍ സാമ്പത്തികമേഖലയില്‍ നേരിടുന്ന ചൂഷണം, കൊള്ളപ്പലിശ, അംഗീകൃത ബാങ്കുകളില്‍നിന്നും തൊഴിലാളികള്‍ക്ക് വായ്പ ലഭിയ്ക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ ചര്‍ച്ച്ചെയ്യുകയും ഇവയ്ക്ക് ഒരു ശാശ്വതപരിഹാരമായി കേരള സഹകരണനിയമത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 'ജീവനക്കാര്‍ക്കായുള്ള സഹകരണ സംഘം'രൂപികരിയ്ക്കുക എന്ന ആശയത്തിലെത്തിച്ചേരുകയും ചെയ്തു.
ഒരു സൊസൈറ്റി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ താമസംവിനാ ആരംഭിയ്ക്കുകയുണ്ടായി. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ ബൈ ലാ, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കുന്നതിന് പ്രമുഖ അഭിഭാഷകനും, അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതാവുമായ ശ്രീ എ.വി.ജി നായരുടെ സഹായം ലഭ്യമായിരുന്നു. എംപ്ലോയീസ് സംഘിന്റെ ഭാരവാഹികളുടെയും മറ്റു സുഹൃത്തുക്കളുടെയും സഹായത്തോടുകൂടി രജിസ്ട്രേഷനാവശ്യമായ 30 പ്രൊമോട്ടര്‍മാരെ എല്ലാസംഘടനകളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കിത്തന്നെ കണ്ടെത്തി. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത താത്പര്യങ്ങള്‍ക്കുമപ്പുറം മുഴുവന്‍ ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിയ്ക്കുക എന്ന തുടക്കംമുതലുള്ള കാഴ്ചപ്പാട് സൊസൈറ്റിയ്ക്ക് ഇപ്പോഴും അതേരീതിയില്‍ നിലനിര്‍ത്തുവാന്‍ സാധിയ്ക്കുന്നുണ്ട്.
1980 മാര്‍ച്ച്മാസം 28ന് ഇ നമ്പര്‍ 709 ആയി സൊസൈറ്റി രജിസ്റ്റര്‍ചെയ്യുകയും പുതിയ മെമ്പര്‍ഷിപ്പുകള്‍ ചേര്‍ത്തുകൊണ്ട് ഭരണസമിതി തിരഞ്ഞെടുപ്പു ന്ടത്തുകയും ചെയ്തു. ആദ്യ പ്രസിഡന്റായി ശ്രീ ജോസ് ജെ പെട്ടയെയാണ് തിരഞ്ഞെടുത്തത്.
1980 ജൂണ്‍ മാസം 8ന് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഫാക്ട് കൊച്ചിന്‍ ഡിവഷിനിലെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന ശ്രീ ആര്‍.കെ. വിജയശങ്കര്‍ ഉത്ഘാടനം ചെയ്തു. പ്രാരംഭവര്‍ഷങ്ങളില്‍ ജീവനക്കാരില്ലാതെ ഭരണസമിതി അംഗങ്ങള്‍ തന്നെയാണ് സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്നത്. ഭരണ സമിതിയംഗങ്ങള്‍ക്ക് സൊസൈറ്റി നടത്തിപ്പിന്റെ ബാലപാഠങ്ങള്‍ പഠിയ്ക്കുന്നതിനും ആ അറിവിലൂടെ കുറ്റമറ്റതും വികസനോന്മുഖവുമായ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകുവാനും കഴിഞ്ഞു.
ആദ്യകാല ഭരണസമിതിയംഗങ്ങളായിരുന്ന ശ്രീ കെ രാജേന്ദ്രന്‍, പി.എന്‍.ആര്‍ റാവു, സി. ഇന്ദുചൂഡന്‍, സി. ആര്‍.സുകുമാരന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം സ്മരണിയമാണ്. കമ്പനിയിലെ ജോലിയ്ക്കുശേഷം രാവും പകലും ഇവര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ തന്നെയായിരുന്നു. സംഘത്തിന്റെ തുടര്‍ന്നുള്ള പുരോഗതിയില്‍ സഹായിച്ച ശ്രീ പി ആര്‍ ശിവരാജ്, ശ്രീ കെ എം മുകുന്ദന്‍നായര്‍ തുടങ്ങിയവരെയും ഇത്തരുണത്തില്‍ സ്മരിയ്ക്കുന്നു.





Cooperative Enterprises Build a Better World 