പ്രവര്‍ത്തനങ്ങള്‍

കേവലം പണമിടപാടുപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ഈ സഹകരണസംഘം ലക്ഷ്യമിടുന്നത്, അംഗങ്ങളുടെ ഉന്നമനത്തിനു പുറമേ ചുറ്റുപാടുമൂള്ള വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സൊസൈറ്റി ഭാഗഭാക്കാവുന്നുണ്ട്. നീതിമെഡിക്കല്‍ സ്റ്റോര്‍, എം കെ കെ നായര്‍ സ്മാരക സഹകരണ വായനശാല തുടങ്ങിയവയെല്ലാം ഈ ലക്ഷ്യത്തിന്റെ ഭാഗമായ സാക്ഷാത്കാരങ്ങളാണ്‌. സ്വയം വളര്‍ച്ചയോടൊപ്പം തന്നെ ജില്ലയിലെ മറ്റു സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വിജ്ഞാനവിതരണവും പ്രോത്സാഹങ്ങളൂം നല്‍കുവാന്‍ സൊസൈറ്റി ശ്രമിയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാവര്‍ഷവും സഹകരണമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും പഠനക്ലാസുകളും സംഘടിപ്പിയ്ക്കുക, ജില്ലയിലെ വ്യത്യസ്ഥ മേഖലകളിലെ മികച്ച സഹകരണ സംഘങ്ങളെകണ്ടെത്തി ആദരിയ്ക്കുക (ഇന്ദുചൂഡന്‍ മെമ്മോറിയല്‍ അവാര്‍ഡ്) തുടങ്ങിയവ നടത്തിവരുന്നു.



നീതിമെഡിക്കല്‍ സ്റ്റോര്‍

ഔഷധ വിപണന മേഖലയില്‍ കുത്തക മരുന്നു കമ്പനികളുടെയും ഇടനിലക്കാരുടെയും ചൂഷണത്തില്‍നിന്നും സാധാരണജനത്തിന്‌ ആശ്വാസമേകുന്നതിനാണ്‌ സര്‍ക്കാര്‍ സഹകരണമേഖലയില്‍ നീതിമെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിയ്ക്കുവാന്‍ തീരുമാനിച്ചത്. ജീവന്‍ രക്ഷാമരുന്നുകള്‍ കണ്‍സ്യൂമര്‍ഫെഡ് വഴി നീതിമെഡിക്കല്‍ സ്റ്റോറുകള്‍ക്കു നല്‍കിയാണ്‌ വിലനിയന്ത്രണം സാധ്യമാക്കുന്നത്. ഫാക്ട് സിഡി ക്രെഡിറ്റ് സൊസൈറ്റിയുടെ കീഴില്‍ അമ്പലമേട്ടില്‍ പ്രവര്‍ത്തിയ്ക്കുന്ന നീതി സ്റ്റോറില്‍ നിന്നും മരുന്നുകള്‍ 10 മുതല്‍ 40 ശതമാനം വിലക്കിഴിവില്‍ ക്രെഡിറ്റ് വ്യവസ്ഥയില്‍ ഫാക്ട് ജീവനക്കാര്‍ക്കും, നേരിട്ടുപണം നല്‍കി പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്നുണ്ട്. കമ്പനിയില്‍ നിന്ന് ക്രെഡിറ്റ് ഇനത്തിലുള്ള തുകലഭിയ്ക്കുവാന്‍ കാലതാമസം നേരിടുന്നതിനാല്‍ ലാഭമില്ലെങ്കിലും ഫാക്ട് ജീവനക്കാരോടും സമൂഹത്തിനോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇതിന്റെ പ്രവര്‍ത്തനം തുടര്‍ന്നുപോരുന്നു,



എം കെ കെ നായര്‍ സ്മാരക സഹകരണ വായനശാല

പുസ്തകങ്ങളെ ജീവിത സ്പന്ദനങ്ങളായി കാണുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. അക്ഷരങ്ങളിലൂടെ ഒരു സമൂഹത്തിന്‍റെ ചലനങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ലോകജനതയെ മാറ്റിമറിക്കുകയും, അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയും ചെയ്ത അനേകം വ്യക്തിത്വങ്ങള്‍ക്ക് ആവേശം നല്‍കിയ ഒരു ചാലകശക്തിയാണ് വായന. ഇന്ന് കാലം മാറി. പുസ്തകങ്ങളുടെ പ്രാധാന്യം കുറഞ്ഞു. വായന മെല്ലെ മെല്ലെ അപ്രത്യക്ഷമാകാന്‍ തുടങ്ങി. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ!

അംഗങ്ങളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ അമ്പലമേടിലെ സംഘം ഓഫീസില്‍ എം കെ കെ നായര്‍ സ്മാരക സഹകരണ വായനശാല പ്രവര്‍ത്തനസജ്ജമാക്കിയിരിയ്ക്കുന്നത്. ഫാക്ട് കൊച്ചിന്‍ ഡിവിഷനിലെ എല്ലാവിഭാഗം ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് ഈ ലൈബറി വളര്‍ന്നുകൊണ്ടിരിയ്ക്കുന്നു.



ഇന്ദുചൂഡന്‍ മെമ്മോറിയല്‍ അവാര്‍ഡ്

എറണാകുളം ജില്ലയിലെ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന സഹകരണ സംഘങ്ങളില്‍ ഏറ്റവും മികച്ച സഹകരണ സംഘത്തിനു ഫാക്ട് (സിഡി) എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നല്‍കുന്ന അവാര്‍ഡാണ്‌ ഇന്ദുചൂഡന്‍ മെമ്മോറിയല്‍ അവാര്‍ഡ്.

ഫാക്ട് (സിഡി) എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ചീഫ് പ്രൊമോട്ടറും, ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന ശ്രീ ഇന്ദുചൂഡന്റെ സ്മരണാര്‍ത്ഥമാണ്‌ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്ന മേഖലകള്‍ വ്യത്യസ്ഥമായിരിയ്ക്കും. അംഗീകൃത ഏജന്‍സികളുടെയോ, അനുബന്ധമേഖലയിലെ വിദഗ്ധരുടെയോ സഹായത്തോടെ തയ്യാറാക്കിയ ചോദ്യാവലി പ്രസ്തുതമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന എല്ലാസഹകരണസംഘങ്ങളിലെത്തിയ്ക്കുകയും, അവര്‍ പൂരിപ്പിച്ചുനല്‍കുന്ന വിവരങ്ങള്‍ മുന്‍കൂട്ടി തയ്യാറക്കിയ മാനദണ്ഡങ്ങളുടേ അടിസ്ഥാനത്തില്‍ വിലയിരുത്തി മൂന്നു സംഘങ്ങളെ പ്രാഥമികമായി തിരഞ്ഞെടുക്കുന്നു. ഈ മൂന്ന് സംഘങ്ങളുടെയും പ്രവര്‍ത്തനം ബോര്‍ഡ് അംഗങ്ങള്‍ നേരിട്ടു സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷമായിരിയ്ക്കും വിജയിയെ തിരഞ്ഞെടുക്കുക. അവാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം സംഘം വെബ്ബ് സൈറ്റില്‍ ലഭ്യമായിരിയ്ക്കും